തിരുവനന്തപുരം: ഇന്ധന വില ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. ജി എസ് ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുമ്പോള്‍ രാജ്യം ആകാംഷയിലാണ്. ജി എസ് ടിയില്‍ പെട്രോളും ഡീസലും ഉള്‍പ്പെട്ടാല്‍ വില കുറയുമെന്ന് ഉറപ്പാണ്. ഈ യോഗത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഇന്ധനനികുതിക്കു പുറമേ വെളിച്ചെണ്ണയുടെ നികുതിയും വരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പെട്രോളും ഡീസലും ജി.എസ്.ടി.ക്കു കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദേശവും കൗൺസിൽ ചൂണ്ടിക്കാണിക്കും. വില കുറയ്ക്കാനാണ് ഇവ ജി.എസ്.ടി.ക്കു കീഴിലാക്കുന്നത്. എന്നാൽ, കേന്ദ്രം സെസ് കുറച്ചാൽ വില കുറയുമെന്നും പകരം ഇവ ജി.എസ്.ടി.ക്കു കീഴിലാക്കിയാൽ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്. ജി.എസ്.ടി.യിൽ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ.
ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാൽ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വില കുറയില്ലെന്നും കേരളം വാദിക്കുന്നു. വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിർദേശമാണ് കേരളത്തിനു തിരിച്ചടിയാവുന്ന മറ്റൊന്ന്. ഭക്ഷ്യാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയും സൗന്ദര്യവർധകവസ്തു എന്നനിലയിൽ വിറ്റഴിക്കുന്ന വെളിച്ചെണ്ണയും തമ്മിൽ വേർതിരിക്കാൻ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്ന നിർദേശമാണ് ആശങ്കയ്ക്കു കാരണം.
ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റിൽ വിൽക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിർത്തണം. അതിനു താഴെയുള്ള അളവിലുള്ളത് സൗന്ദര്യവർധക വസ്തുവായി കണക്കാക്കി 18 ശതമാനവും ചുമത്തണം. ഇതാണ് കൗൺസിലിനു മുന്നിലുള്ള നിർദേശം.ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനത്തിന് തിരിച്ചടിയാവും. അതിനാൽ 500 ഗ്രാമിനു മുകളിലുള്ളതിനെയെല്ലാം ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി നികുതി അഞ്ചുശതമാനം മാത്രമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജി.എസ്.ടി. നടപ്പാക്കുകയും സെസ്, എക്സൈസ് ഡ്യൂട്ടി എന്നിവ ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനു വലിയ വരുമാനനഷ്ടമുണ്ടാകും. എന്നാൽ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് കൊണ്ട് വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറാവാനാണ് സാധ്യത.
Post Your Comments