തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം അന്വേഷിച്ച രോഗിയായ യുവാവിന് മര്‍ദ്ദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍ ഷമീറിനാണ് ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ പരിക്കേറ്റത്. മൊഴിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ജീവനക്കാരനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തിനുള്ള ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പോകാനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷമീര്‍. തനിക്ക് കയറേണ്ട എസ്-5 കോച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷമീറിന്റെ പരാതി. മര്‍ദ്ദനമേറ്റ ഷമീറിനെ റെയില്‍വേ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായുള്ള യാത്ര മുടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തെ തുടര്‍ന്ന് നടക്കാനും സംസാരിക്കാനും ഷമീറിന് പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ക്ക് പെയിന്റടിക്കുന്ന ജോലിക്കാണ് ഷമീര്‍ പോകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അസുഖം അതിനും അനുവദിക്കുന്നില്ല. മാസം അയ്യായിരത്തോളം രൂപ മരുന്നിനു തന്നെ വേണമെന്ന് ഷമീറിന്റെ മാതാവ് സൈനബ പറയുന്നു. നഗരത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് ഈ തുക സൈനബ കണ്ടെത്തുന്നത്. പിതാവ് മൂസ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ്.
Post Your Comments