പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന് പറഞ്ഞ് അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്കാന് വിസമ്മതിച്ച് യുവാവ്. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്ജിത് ദാസിന്റെ അക്കൗണ്ടിലാണ് ഗ്രാമീണ ബാങ്ക് ഉദ്യോസ്ഥരുടെ പിഴവിന്റെ ഫലമായി 5.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടത്.
പണം തിരികെ നല്കാന് ആവശ്യപ്പെട്ട് ബാങ്ക് നിരവധി നോട്ടീസുകള്‍ അയച്ചെങ്കിലും താന്‍ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്റെ മറുപടി. ‘ഈ വര്‍ഷം മാര്‍ച്ചില്‍ പണം ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായി. പ്രധാനമന്ത്രി വിവിധ പദ്ധതികൾ പ്രകാരം അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്ന് ഞാൻ വാർത്തകളിൽ കണ്ടിരുന്നു. ഇത് അതാണെന്ന് കരുതി എല്ലാം ഞാന്‍ ചെലവാക്കി. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ പണമൊന്നുമില്ല’ -ദാസ് പൊലീസിനോട് പറഞ്ഞു.
ബാങ്കിന്റെ പരാതിയില്‍ ദാസിനെ അറസ്റ്റ് ചെയ്തതായി മാന്‍സി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി പറഞ്ഞത് വളച്ചൊടിച്ചാണ് സാധാരണക്കാരിലേക്ക് പല രാഷ്ട്രീയക്കാരും എത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Post Your Comments