ന്യൂഡൽഹി : ദേശീയ തലത്തിൽ പുതിയ രാഷ്ട്രീയതന്ത്രങ്ങൾ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്.
ഭാവിയില്‍ പാര്‍ട്ടി എടുക്കേണ്ട രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ നവീകരണം ലക്ഷ്യം വെച്ചാണ് എഐസിസി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് അധ്യക്ഷനായ എഐസിസി പാനലാണ് ഇത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ നല്കിയത്.
രാജ്യത്ത് നടക്കുന്ന സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധങ്ങളുടെ രീതികള്‍ മാറ്റാന്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ ജനകീയ പൊതുപ്രതിഷേധ പരിപാടികള്‍ നടത്തണമെന്നും പാര്‍ട്ടി അത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലണമെന്നുമാണ് ഇത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. നാണയപ്പെരുപ്പം, തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, എന്നിവയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് എഐസിസി പാനല്‍ അഭിപ്രായപ്പെടുന്നത്.
നിലവില്‍ പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ഒരു ദിവസം മാത്രം നടക്കുന്ന പ്രതിഷേധങ്ങളായി മാറിയിരിക്കുകയാണെന്നും പാനല്‍ വിലയിരുത്തി. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളും സഖ്യക്ഷികളും മറ്റും പരസ്‌പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാന ആവശ്യമാണ് പാനല്‍ ഉയര്‍ത്തിയത്. അത്തരം സഹകരണം പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പാനല്‍ അഭിപ്രായപ്പെട്ടു.
Post Your Comments