ന്യൂഡല്‍ഹി : രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 75 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ നിരക്കില്‍ വാക്‌സിന്‍ വിതരണം നടന്നാല്‍ ജനസംഖ്യയുടെ 43 ശതമാനം പേര്‍ക്കും ഡിസംബറോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതുവരെ, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഗോവ, ദാദ്ര, നഗര്‍ ഹവേലി, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും എല്ലാ മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കിയ ആദ്യ സംസ്ഥാനം ഹിമാചല്‍ പ്രദേശാണ്.
കൊവിഡ് മൂന്നാം തരംഗത്തെ നേരിടണമെങ്കില്‍ ഡിസംബറോടെ ഇന്ത്യയില്‍ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു വിദഗ്ദ്ധര്‍ നല്‍കിയത്. ഇതിന് പ്രതിദിനം 12 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കേണ്ടി വരും. കഴിഞ്ഞ 7 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്‌സിന്‍ ഡോസുകളുടെ എണ്ണം പ്രതിദിനം 7.7 ദശലക്ഷമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.3 മില്യണ്‍ ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
Post Your Comments