ആഗ്ര: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും മത്സരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. സംസ്ഥാനത്ത് ഇതുവരെ ഒരു പാര്‍ട്ടിയുമായി സഖ്യം രൂപപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം സഖ്യം ഹൃദയത്തില്‍നിന്ന് വേണമെന്നും ആരെങ്കിലും തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യത്തോടെയാകും യു.പി നിയമസഭ തെരഞ്ഞെടുപ്പ്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റുകള്‍ നേടി ബി.ജെ.പി ഭരണം പിടിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും ബി.എസ്.പിക്ക് 19 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസിന് ഏഴുസീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
യു.പിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പോരാടും. ഞങ്ങളുടെ വിജയത്തിനായി അവര്‍ കഠിനമായി പോരാടുന്നു. അതിനാല്‍ തന്നെ, അവര്‍ പിന്നീട് മുഖ്യമന്ത്രി മുഖം വെളിപ്പെടുത്തും’ -സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
സാധാരണക്കാരുമായി സംവദിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. ‘ഞങ്ങള്‍ സാധാരണക്കാരോട് സംവദിച്ചു. അത് തയാറാക്കുന്നതിനായി പ്രത്യേക തന്ത്രം രൂപപ്പെടുത്തി. ഈ പ്രകടനപത്രിക സാധാരണക്കാരുടെ ശബ്ദമാകും. കര്‍ഷകര്‍ക്കും സ്ത്രീ സുരക്ഷക്കുമാണ് ഇതില്‍ പ്രധാന്യം. തിങ്കളാഴ്ച ആഗ്രയിലെ ജനങ്ങളുമായി സംവദിക്കും, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയും’ -അദ്ദേഹം പറഞ്ഞു.
‘ആരോഗ്യ മേഖലക്കും പ്രകടന പത്രികയില്‍ പ്രധാന്യം നല്‍കും. കോവിഡ് മഹാമാരി സമയത്ത് രാജ്യത്തിന്‍റെ ആരോഗ്യ മേഖല എത്ര ദുര്‍ബലമാണെന്ന് നമ്മള്‍ മനസിലാക്കി. അതിനാല്‍ ആരോഗ്യമേഖലയെയും അതിനൊപ്പം വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തണം’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments