തിരുവനന്തപുരം: അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പരിശോധനയ്ക്ക് മുന്നോട്ട് വരാത്ത ആളുകളെ ക്യാമ്പയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കണം. കൂടാതെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്താന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ക്യാമ്പ് സംഘടിപ്പിക്കും.
ലാബ് സൗകര്യം മെച്ചപ്പെടുത്തും, ടെലി മെഡിസിന്‍ വ്യാപകമാക്കും. ക്ഷയം, മലേറിയ, മന്ത്, തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ കൂടുതല്‍ മെച്ചപ്പെടും. പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിന്‍ നിര്‍മ്മാണ കേന്ദ്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. മിഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments