തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പറിന് പകരം ഗൂഗിള്‍ നല്‍കിയിരിക്കുന്നത് മറ്റൊരാളുടെ ഫോണ്‍ നമ്പര്‍. ഇതുമൂലം ദിവസേന വരുന്ന കോളുകളിലും മെസേജുകളിലും മറുപടി നല്‍കി വലയുകയാണ് മനോജ് എന്ന യുവാവ്. കഴിഞ്ഞ മൂന്നര വര്‍ഷമായി മനോജ് സ്വന്തം ഫോണ്‍ നമ്പര്‍ കാരണം കുടുങ്ങിയിരിക്കുകയാണ്. നാട്ടുകാര്‍ക്കിടയില്‍ മനോജ് ഇപ്പോള്‍ വെറും മനോജ് അല്ല, മനോജ് ഗോപിയാണ്.
നിരന്തരമുള്ള ഫോണ്‍ വിളികള്‍ മൂലം സ്വന്തം ജോലി പോലും സ്വസ്ഥമായി ചെയ്യാന്‍ മനോജിന് കഴിയുന്നില്ല. ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച് പതിനഞ്ചോളം ഫോണ്‍ കോളുകളാണ് ദിവസേന മനോജിനെത്തുന്നത്. വാട്‌സ് ആപ് മെസേജുകള്‍ വേറെ. ഇതുകാരണം മനോജിന്റെ ജീവിതം തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
‘ആദ്യമൊന്നും വലിയ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ദിവസേന പതിനഞ്ചിലേറെ കോളുകളാണ് വരുന്നത്. ഞാന്‍ സുരേഷ് ഗോപിയല്ല മനോജാണെന്ന് പറഞ്ഞ് മടുത്തു.’ മനോജ് പറയുന്നു. സുരേഷ് ഗോപി എന്തെങ്കിലും സഹായം ആര്‍ക്കെങ്കിലും നല്‍കിയാല്‍ പിന്നെ രണ്ട് മൂന്ന് ദിനം നാല്‍പ്പതിലേറെ കോളുകള്‍ വരും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിക്കുന്നു. സംഭവം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചു. നേരിട്ട് ഇതുവരെ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല. മനോജ് പറയുന്നു.
Post Your Comments