Latest NewsKeralaNewsCrime

ട്രെയിന്‍ കൊള്ള: യാത്രക്കാരുടെ വെള്ളത്തില്‍ മയക്കുമരുന്നു കലര്‍ത്തി, പ്രതി കയറിയത് ആഗ്രയില്‍ നിന്ന്

ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം ട്രെയിനില്‍ യാത്രക്കാരെ മയക്കി കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി ആഗ്രയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് വിവരം. സ്ഥിരം മോഷ്ടാവായ അസ്ഹര്‍ പാഷായാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നാണ് സൂചന. ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കാം എന്നാണ് നിഗമനം. വെള്ളം കുടിച്ചശേഷമാണ് ബോധം നഷ്ടപ്പെട്ടതെന്നാണ് സ്ത്രീകളുടെ മൊഴി. അന്വേഷണം തമിഴ്‌നാട് റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറും.

ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ മൂന്ന് വനിതാ യാത്രക്കാരെ മയക്കി കിടത്തി പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. തിരുവല്ല സ്വദേശികളായ വിജയകുമാരി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി ഗൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. നിസാമുദ്ദീനില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബോധരഹിതരായ നിലയില്‍ ഇവരെ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി.

കവര്‍ച്ചയ്ക്കിരയായ മൂന്നാമത്തെയാള്‍ കോയമ്പത്തൂര്‍ സ്വദേശിയായ ഗൗസല്യയാണ്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ഗൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button