KeralaLatest News

കുരുംബ ക്ഷേത്ര ഭൂമി മുസ്‌രിസ് കമ്പനിക്ക് പണയപ്പെടുത്തുന്നു: എം.എല്‍.എയുടെ വസതിയിലേക്ക് ബിജെപി മാർച്ച്

'ക്ഷേത്രത്തിലെ ഭണ്ഡാരപ്പുര നവീകരണത്തിനും ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കുന്നതിനും കൊടുങ്ങല്ലൂര്‍ ക്ഷേത്ര സമിതിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ട പ്രകാരമാണ് മുസ്‌രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.'

കൊടുങ്ങല്ലൂര്‍: ഭക്തജനങ്ങളുടെ സമരത്തിന്റെ ശക്തി മനസിലാക്കിയില്ലെങ്കില്‍ എം.എല്‍.എയുടെ ഓരോ യാത്രയും ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പി.ആര്‍ ശിവശങ്കരന്‍ പറഞ്ഞു. കുരുംബ ക്ഷേത്ര ഭൂമി മുസ്‌രിസ് കമ്പനിക്ക് പണയപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയുടെ വസതിയിലേക്ക് ബി.ജെ.പി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷനായി. കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സെല്‍വന്‍ മണക്കാട്ടുപടി, ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ പി.എസ് അനില്‍കുമാര്‍,​ പുരുഷോത്തമന്‍, എല്‍.കെ മനോജ്, സുനില്‍ വര്‍മ്മ, അജയ്ഘോഷ്, ടി.ബി സജീവന്‍, വി.ജി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഉടമസ്ഥാവകാശങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുസ്‌രിസ് പ്രൊജക്‌ട്‌ ലിമിറ്റഡിന് കൈമാറിയിട്ടില്ലെന്ന് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രത്തിലെ ഭണ്ഡാരപ്പുര നവീകരണത്തിനും ക്ഷേത്ര മ്യൂസിയം നിര്‍മ്മിക്കുന്നതിനും കൊടുങ്ങല്ലൂര്‍ ക്ഷേത്ര സമിതിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ട പ്രകാരമാണ് മുസ്‌രിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വസൂരി മാല ക്ഷേത്രത്തിന് പടിഞ്ഞാറ് 1.88 കോടി ചെലവില്‍ ഇരുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായി മുസ്‌രിസ് പ്രൊജക്‌ട് ലിമിറ്റഡ് ദേവസ്വം ബോര്‍ഡുമായി ധാരണാ പത്രം ഒപ്പുവച്ചിരുന്നു. ഇതിന്റെ കാലാവധി 20 വര്‍ഷമായിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യ പ്രകാരം കാലാവധി അഞ്ച് വര്‍ഷമായി കുറച്ചു.

ഈ ധാരണ പ്രകാരം നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റൊരു ഉടമസ്ഥാവകാശങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുസ്‌രിസ് പ്രൊജക്‌ട്‌സ് ലിമിറ്റഡിന് കൈമാറിയിട്ടില്ല. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 20 കോടി രൂപയും മുസ്‌രിസ് പൈതൃക പദ്ധതിയിലൂടെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ചു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിന് വിശ്വാസികള്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ക്ഷേത്രത്തില്‍ വിശ്വാസികളുടെ സൗകര്യത്തിനായി സമ്പൂര്‍ണ വികസനം നടപ്പിലാക്കുമെന്നും വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button