
തൃശൂർ: ലോട്ടറി അടിച്ച മോഷണക്കേസിലെ പ്രതി ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാനെത്തിയപ്പോൾ പോലീസ് പിടിയിലാകുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും. തൃശ്ശൂരിലാണ് സംഭവം. തൃശൂർ സ്വദേശി സ്റ്റാൻലിയെയാണ് പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടൻകുളങ്ങരയിലെ ഒരു പലചരക്കുകടയിൽ സ്റ്റാൻലി മോഷണം നടത്തിയിരുന്നു.
കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും ഇയാൾ മോഷ്ടിച്ച് കൊണ്ടുപോയി. ഈ സംഭവത്തിൽ തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ, സ്റ്റാൻലി മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേ ദിവസം നടന്നു. അതിൽ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി.
Also Read: സ്വന്തം പിതാവ് കാരണം തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി: സംഭവം ഇങ്ങനെ
അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. മോഷ്ടിച്ചുകൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ, ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാൻ കള്ളൻ എത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഊഹിച്ചു. അക്കാരണത്താൽ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വിൽപ്പനശാലകളിൽ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നൽകി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നൽകിയിരുന്നു.
പ്രതീക്ഷിച്ചതുപോലെ സ്റ്റാൻലി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വിൽപ്പനശാലയിൽ എത്തി. തുടർന്ന് തന്റെ കൈയിൽ നിന്ന് മോഷണം പോയ ലോട്ടറിടിക്കറ്റുകളാണെന്ന് ലോട്ടറി വിൽപ്പന കടക്കാരൻ ഉറപ്പുവരുത്തി പോലീസിനെ അറിയിച്ചു. തുടർന്ന് അവിടേക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റാൻലിയെ കൈയോടെ പൊക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചു.
Post Your Comments