കൊച്ചി: നിപ വന്ന് ഭേദമായ എറണാകുളം പറവൂരിലെ യുവാവിനെ കൈവിട്ട് സർക്കാർ. എറണാകുളം പറവൂർ സ്വദേശി ഗോകുൽ കൃഷ്ണന് 2019 മെയ് മാസം എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് നിപ ബാധിച്ചത്. വിട്ടു മാറാത്ത പനിയെ തുടർന്ന് നടത്തിയ ചികിത്സയ്ക്കൊടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിപ സ്ഥിരീകരിച്ചു. പിന്നീട് രണ്ട് മാസം നീണ്ട ചികിത്സ നടത്തി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായപ്പോൾ ആരോഗ്യവകുപ്പ് സ്വീകരിക്കാനെത്തി. തുടർചികിത്സയും രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകുമെന്ന് ഉറപ്പും നൽകി. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്വന്തം നിലയ്ക്ക് തുടർചികിത്സ നടത്തുന്ന യുവാവിന് ഇതുവരെ പഴയ ആരോഗ്യനില തിരിച്ച് പിടിക്കാനായിട്ടില്ല.
ഇതിനിടെ മകന്‍റെ ചികിത്സക്കായി ലീവ് എടുത്തതിനെ തുടർന്ന് ഗോകുലിന്‍റെ അമ്മയെ സ്വകാര്യ ആശുപത്രി, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗോകുലിന് എവിടെ നിന്ന് നിപ ബാധിച്ചു എന്ന് ഇന്നും അജ്ഞാതമാണ്. പരിസരത്തുള്ള വവ്വാലിനെയെല്ലാം പിടിച്ച് പരിശോധന നടത്തിയെങ്കിലും ഫലം പുറത്ത് വന്നില്ല.
Post Your Comments