ചെന്നൈ: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച് തമിഴ്‌നാട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതോടെ ഡിഎംകെ സര്‍ക്കാരിനെതിരെ ബിജെപിയും സഖ്യസംഘടനകളും രംഗത്ത് എത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ആരോപിച്ചു. ഇതോടെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളെച്ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം പുകയുകയാണ്. സെപ്റ്റംബര്‍ 10 നാണ് വിനായക ചതുര്‍ത്ഥി.
ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീടുകളുടെ മുന്‍പില്‍ ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതര മതസ്ഥരുടെ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.
അതേസമയം, ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സെപ്റ്റംബര്‍ 15 വരെ വിനായക ചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറയുന്നു. വ്യക്തികള്‍ക്ക് കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ ആഘോഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments