ബെംഗളൂരു : കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ജയം നേടി ബിജെപി. 195 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 97 സീറ്റുകളും സ്വന്തമാക്കിയാണു ബിജെപിയുടെ വിജയം. ബി.എസ്.യെഡിയൂരപ്പയുടെ പിൻഗാമിയായി ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.
കോൺഗ്രസ് 70, ജെഡിഎസ് 5, എഐഎംഐംഎം 4, സ്വതന്ത്രർ 19 എന്നിങ്ങനെയാണു മറ്റുള്ളവർ ജയിച്ച സീറ്റുകൾ. ബെളഗാവി, ഹുബ്ബള്ളി–ധർവാഡ് കോർപറേഷനുകളിൽ ഒന്നാമതെത്തിയ ബിജെപി, കലബുറഗിയിൽ രണ്ടാം സ്ഥാനത്തായി.
ബെളഗാവിയിലെ 58 സീറ്റിൽ 35 ഇടത്താണു ബിജെപിയുടെ തേരോട്ടം കോൺഗ്രസ് 10 സീറ്റിലേക്കു ചുരുങ്ങി. ശിവസേനയുടെ ഉൾപ്പെടെ പിന്തുണയോടെ മത്സരിച്ച മഹാരാഷ്ട്ര ഏകീകരൺ സമിതിക്ക് (എംഇഎസ്) കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കം വാദിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ ബിജെപിയുടെ വിജയമെന്നതും ശ്രദ്ധേയം. ഹുബ്ബള്ളി–ധർവാഡിൽ ആകെയുള്ള 82 സീറ്റിൽ 39 ഇടത്താണു ബിജെപി കാവിക്കൊടി പാറിച്ചത്.
കോൺഗ്രസ് 33 സീറ്റ് നേടിയപ്പോൾ ജെഡിഎസ് ഒരു സീറ്റിലൊതുങ്ങി. എഐഎംഐംഎം മൂന്നു സീറ്റ് നേടി ഞെട്ടിച്ചു. ആറിടത്തു ജയിച്ചതു സ്വതന്ത്രരാണ്. കലബുറഗിയിൽ 55 സീറ്റിൽ 27 ഇടത്തെ ജയവുമായി കോൺഗ്രസാണു മുന്നിൽ. കടുത്ത മത്സരത്തിനൊടുവിൽ ബിജെപി 23 സീറ്റ് നേടി. ജെഡിഎസ് 4, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. അതേസമയം ഇവിടെ ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ, ബിജെപി–ജെഡിഎസ് സഖ്യത്തിനു സാധ്യതയുണ്ട്
Post Your Comments