അബുദാബി: നിർമ്മാണ ജോലിക്കിടെ പണിസ്ഥലത്ത് വെച്ച് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 30,000 ദിർഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതിയുടെ നിർദ്ദേശം. അബുദാബി സിവിൽ സർവ്വീസ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പണിയ്ക്കിടെ വലിയ കോൺക്രീറ്റ് കട്ട വീണാണ് തൊഴിലാളിയ്ക്ക് പരിക്കേറ്റത്. തൊഴിലാളി ജോലി ചെയ്തിരുന്ന കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. പണി നടന്നു കൊണ്ടിരിക്കവെ അബന്ധത്തിൽ കോൺക്രീറ്റ് കട്ട തൊഴിലാളിയുടെ ദേഹത്ത് വീണതാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
തൊഴിലാളിയുടെ ഇടത് കാലും തുടയും ഉൾപ്പെടെയുള്ള ഭാഗത്ത് ഗുരുതരമായ പരിക്കുകളുണ്ടായിട്ടുണ്ടെന്നും ഇത് സ്ഥിരമായ വൈകല്യത്തിന് കാരണമായെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കോടതി നിർമ്മാണ കമ്പനിയ്ക്ക് 10,000 ദിർഹം പിഴ ചുമത്തി.
Post Your Comments