Latest NewsNewsInternational

എഫ്ബിഐ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിറാജുദ്ദീൻ ഹഖാനി അഫ്ഗാൻ ആഭ്യന്തര മന്ത്രി: പുറത്ത് വരുന്നത് പാക് ബന്ധം

ഹഖാനിമാർ അഫ്ഗാൻ മന്ത്രിസഭയിലെ സുപ്രധാന പദവികളിലെത്തിയതോടെ ഇന്ത്യ ആശങ്കയിൽ

കാബൂൾ: എഫ്ബിഐ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിറാജുദ്ദീൻ ഹഖാനി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രിയായി പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയനെതിരെ യുദ്ധം നടത്തുകയും പാക്കിസ്ഥാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വർക്ക് രൂപീകരിക്കുകയും ചെയ്ത ജലാലുദ്ദീൻ ഹഖാനിയുടെ മകനാണ് സിറാജുദ്ദീൻ ഹഖാനി. സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവനായ ഖലീൽ ഹഖാനിയെ അഭയാർഥികളുടെ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

മറ്റ് രണ്ട് ഹഖാനിമാരെക്കൂടി മന്ത്രി സഭയിൽ ഉൾപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതോടെയാണ് അഫ്ഗാൻ സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള പാക്കിസ്ഥാന്റെ ഇടപെടൽ വ്യക്തമായത്.

ഹഖാനിമാർ അഫ്ഗാൻ മന്ത്രിസഭയിലെ സുപ്രധാന പദവികളിലെത്തിയതോടെ ഇന്ത്യ ആശങ്കയിലാണ്. 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഹഖാനിയായിരുന്നു. 58 പേരാണ് ഈ ആക്രമണത്തിൽ മരിച്ചത്. വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലും ചാവേർ ആക്രമണം നടത്തുന്നതിലും കുപ്രസിദ്ധരാണ് ഹഖാനി സംഘം.

മുല്ല അബ്ദുൽ ഗാനി ബറാദറെ പിന്തള്ളി മുല്ലാ ഹസൻ അഖുന്ദിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചതിലും പാക്കിസ്ഥാന്റെ ഇടപെടലാണെന്നാണ് സൂചന. 2016ൽ സിറാജുദ്ദീൻ ഹഖാനിയെ പിടികൂടുന്നവർക്ക് അമേരിക്ക 10 മില്യൻ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ ക്യാബിനറ്റിലെ 33 പേരിൽ 17 പേർ യുഎൻ ഉപരോധ പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്റെ യുഎൻ പ്രതിനിധി ഗുലാം ഐസക്സായ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button