ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് ചോദിച്ച് വാങ്ങിയ പേസർ ജസ്പ്രീത് ബുമ്രയുടെ ആവശത്തെക്കുറിച്ച് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ ബുമ്ര പന്ത് ചോദിച്ചു വാങ്ങിയെന്നും അങ്ങനെ എറിഞ്ഞ സ്പെല്ലാണ് മത്സരം ടീമിന് അനുകൂലമാക്കിയതെന്നും കോഹ്ലി പറഞ്ഞു.
‘മത്സരത്തിനിടെ പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ബുമ്ര എന്റെ അടുത്തുവന്ന് ബോളിങ് ചോദിച്ചു വാങ്ങി. അവസാന ദിനത്തിൽ രണ്ടാം സെഷനിൽ അദ്ദേഹം ചോദിച്ചു വാങ്ങി എറിഞ്ഞ സ്പെല്ലാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. നിർണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തരമൊരു പിച്ചിൽ 22 ഓവറിൽ 27 റൺസ് മാത്രം വഴങ്ങുന്നതിന് എന്തുമാത്രം അധ്വാനം വേണ്ടിവരുമെന്ന് അറിയാമല്ലോ’.
‘തികച്ചും ഫ്ലാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. ആദ്യ മൂന്ന് ദിവസത്തെയത്ര പോലും നനവ് പിച്ചിൽ ഉണ്ടായിരുന്നില്ല. ഇവിടെ റിവേഴ്സ് സ്വിങ് ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ബൗളർമാർക്ക് സാധിച്ചു. 10 വിക്കറ്റും നേടാനാകുമെന്ന് ടീമെന്ന നിലയിൽ ഞങ്ങൾ വിശ്വസിച്ചു’ കോഹ്ലി പറഞ്ഞു.
ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 22 ഓവറിൽ ഒമ്പത് മെയ്ഡിൻ അടക്കം 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്.
Post Your Comments