കണ്ണൂർ: മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജന്റെ പഴയ പ്രസ്താവന വീണ്ടും വൈറലായിരിക്കുകയാണ്. 2009 ജനുവരി 26 നു അദ്ദേഹം നടത്തിയ പ്രസ്താവനയാണ് 13 വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറലായിരിക്കുന്നത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കാൻ കാരണം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡുകളിൽ മദ്യഷോപ് അനുവദിക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ്.
കണ്ണൂരിൽ പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മലബാർ വികസന സെമിനാറിന്റെ സമാപന സമ്മേളനം 2009 ജനുവരി 26 നു ഉദ്‌ഘാടനം ചെയ്യവെയായിരുന്നു ജയരാജന്റെ പ്രസ്താവന. ‘ഒളിഞ്ഞും തെളിഞ്ഞും തലയിൽ മുണ്ടിട്ടുമാണ് പലരും മദ്യഷാപ്പിൽ പോകുന്നത്. ഈ സ്ഥിതി മാറണം.’
‘അതിനു മദ്യപാനം ആഹാരത്തിന്റെ ഭാഗമാക്കണം എന്ന് ജയരാജൻ പറഞ്ഞു. മദ്യഷാപ്പ് പൂട്ടിയാല്‍ സര്‍ക്കാറിന് ഭരിക്കാന്‍ പണമുണ്ടാവില്ല. മദ്യഷാപ്പിൽ നിന്ന് ഒരു ദിവസം സർക്കാരിന് ലഭിക്കുന്ന വരുമാനം 44 -46 കോടി രൂപയാണ്. കേരളത്തിന്റെ മണ്ണിൽ മദ്യ വ്യവസായത്തിന് നിരവധി സാധ്യതകളുണ്ട്. ഒപ്പം ചെത്ത് തൊഴിലാളികൾക്കും ഏറെ സാധ്യതയുണ്ട്. എന്നാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്.’
‘സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് ഇതിന് കാരണം. ഇത് മാറണം. കള്ളു ചെത്തു തൊഴിലാളികൾക്ക് സൗന്ദര്യം നഷ്ടപ്പെടാതെ തന്നെ തൊഴിൽ ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. ഇന്നത്തെ കള്ളു ഷാപ്പുകളും പ്രാകൃത രീതിയിലാണ് ഉള്ളത്. ഇതും മാറണം. കൂടാതെ ചിലർക്ക് യൂണിയൻ ഉണ്ടെങ്കിൽ പണിയെടുക്കേണ്ടതില്ല എന്നൊരു ധാരണയുണ്ട്. ഇതും മാറണം’ എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Post Your Comments