കൊല്ലം: ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കാന്‍ കമ്മിഷന്‍ വേണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് ഇക്കുറി കിട്ടാതെ പോയതടക്കം, സംഘടനാ കെട്ടുറപ്പിന് ക്ഷതമേല്‍ക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ വരുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയില്‍ സംഘടനാ ചുമതലയുള്ള ആനത്തലവട്ടം ആനന്ദനാണ് സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അഞ്ച് മണ്ഡലങ്ങളില്‍ അയ്യായിരത്തിലേറെ വോട്ട് കുറവുണ്ടായതും ഗൗരവമുള്ളതാണ്. ഏറ്റവും കുറവ് കുണ്ടറയില്‍ ആണ്. എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗവും സിപിഐയിലെ ചിലരും പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലെ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പേരെടുത്ത് പറയുന്നില്ലെങ്കിലും മന്ത്രിസ്ഥാനത്ത് മേഴ്‌സിക്കുട്ടിയമ്മയ്ക്കുണ്ടായ ജാഗ്രത കുറവും പ്രതിപാദിക്കുന്നു.
കുണ്ടറ, കരുനാഗപ്പള്ളി തോല്‍വികള്‍ക്ക് സംഘടനാ ദൗര്‍ബല്യവും പ്രധാന കാരണങ്ങളിലൊന്നാണ്. സംഘടനാ പരിമിതികളെ കുറിച്ച് ആഴത്തില്‍ പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ മുഴുവന്‍ സീറ്റും വിജയിക്കാന്‍ ആയെങ്കില്‍ ഇക്കുറി 9 സീറ്റുകളില്‍ ആയിരുന്നു വിജയം. ഇത്തവണ 69, 513 വോട്ടുകളുടെ കുറവുമുണ്ടായി. ചില കേന്ദ്രങ്ങളിലെങ്കിലും ബിജെപി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക് സംഘടനാ മികവിലൂടെ തടയിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments