കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനുനേരെ കാട്ടാനയാക്രമണം. തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. കോട്ടപ്പാറ വനത്തിൽനിന്നെത്തിയ കൊമ്പനാനയാണ് വടക്കുംഭാഗം സ്വദേശി വർഗീസിന്റെ വീട്ടുവളപ്പിൽ കയറി കാറും കൃഷിയും നശിപ്പിച്ചത്.
വന്നയുടൻ പോർച്ചിൽ കിടന്ന കാർ കാട്ടാന കൊമ്പുകൊണ്ട് കുത്തിനീക്കുകയും മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാർപോച്ചിൽ കെട്ടിയിട്ടിരുന്ന പശുകുട്ടി കാട്ടാന കാർ മറിക്കാൻ ശ്രമിക്കുന്നതു കണ്ട് പേടിച്ചു നില്‍ക്കുന്നത് വിഡിയോയിലുണ്ട്. ആക്രമണത്തിൽ കാറിന് കേടുപാടുകളുണ്ടായി.
ശബ്ദം കേട്ട് ഉണർന്ന വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടാന പിൻവാങ്ങി. തിരികെ പോകുന്നതിനിടെ വീട്ടുപരിസരത്തെ വാഴ, കപ്പ കൃഷികളും കാട്ടാന നശിപ്പിച്ചു. മേഖലയിൽ ഏറെ കാലമായി കാട്ടാന ഭീഷണിയുണ്ട്. വിഷയത്തിൽ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില: ലോക്ക്ഡൗൺ ലംഘിച്ച് പൊതുയോഗം നടത്തി സിപിഎം സംസ്ഥാന നേതാക്കൾ
അതിനിടെ പാലൂര്‍ തേക്കുവട്ടയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. തേക്കുപന ഊരിലെ പണലി, പാപ്പ, കവിത എന്നിവര്‍ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഊരിലേക്ക് വരുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചിരുന്നു.
റോഡിലൂടെയെത്തിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തതിനുശേഷം തോട്ടില്‍ വെള്ളംകുടിക്കനായി പോയി. പിന്നീട് ഇതുവഴിവന്ന നാല് വാഹനങ്ങളും കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡിനെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു.
ബൊമ്മിയാംപടി ക്യാംപ് ഷെഡ്ഡിലെ വനംവകുപ്പ് ജീവനക്കാരെയും പ്രദേശവാസികളെയും ചേര്‍ത്ത് പത്തംഗ സംഘത്തെ ആനകളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇവര്‍ ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ കാടുകയറ്റും. ഈ തീരുമാനത്തിനുശേഷമാണ് പ്രദേശവാസികള്‍ എലിഫന്റ് സ്‌ക്വാഡിലുള്ളവരെ പോകാന്‍ അനുവദിച്ചത്.
Post Your Comments