കൊല്ലം: അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം കവര്‍ന്നത് അയിരകണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും മുപ്പത്തിരണ്ടായിരം രൂപയും. പ്രതിയെ കണ്ട കട ഉടമ ഞെട്ടി. കാരണം രണ്ടു പ്രതികളിലൊരാള്‍ കടയിലെ തന്നെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. കടയില്‍ മോഷണം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കട സ്വദേശി മുഹമ്മദ് ഷാഫി വാളത്തുങ്കല്‍ സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫി ഇതേ സ്ഥാപനത്തിലെ സെയില്‍സ്മാനായിരുന്നു.
കൊല്ലം പള്ളിമുക്കിലെ തുണിക്കടയില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഷാഫിക്ക് കടയിലേക്ക് കടക്കാനുള്ള എളുപ്പവഴിയും പണം സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ഇതാണ് മോഷണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചാണ് കടയില്‍ കയറിയത്. തുടര്‍ന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളും കടയുടെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തിരണ്ടായിരം രൂപയും കവര്‍ന്നു. മോഷ്ടിച്ച പണവുമായി തിരുവനന്തപുരത്ത് ആഘോഷം നടത്തിയ ശേഷം തിരികെ പരവൂരില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തില്‍ ഒരാള്‍കൂടി ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കടയില്‍ നിന്ന് മോഷണം പോയ 25000-ലധികം രൂപയുടെ വസ്ത്രങ്ങള്‍ അഭിഷേകിന്റെയും ഷാഫിയുടെയും ബന്ധുവീടുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments