![](/wp-content/uploads/2021/07/imran-khan-1.jpg)
കാബൂള്‍: താലിബാനെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് പാകിസ്ഥാനും ചൈനയും. അതേസമയം അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം വൈകുകയാണ്. രാജ്യാന്തര സമൂഹം അംഗീകരിക്കുന്ന വിശാല സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യമിടുന്നതു കൊണ്ടാണു വൈകുന്നത് എന്നാണു സൂചന. ഓഗസ്റ്റ് 15 ന് അധികാരം പിടിച്ചശേഷം ഇതു രണ്ടാം തവണയാണു സര്‍ക്കാര്‍ രൂപീകരണം നീട്ടിവയ്ക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പാക് ഇടപെടലും സജീവമാണ്. അതിനിടെ, പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളിലെത്തി.
അഫ്ഗാനില്‍ വിശാല സര്‍ക്കാരുണ്ടാക്കാന്‍ താലിബാനെ സഹായിക്കുമെന്ന് പാക് കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായി ഇസ്ലാമാബാദില്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മേഖലയില്‍ പാകിസ്ഥാന്റെ സ്ഥാനം എന്താകുമെന്നാണു ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. അഫ്ഗാനില്‍ പാകിസ്ഥാന്റെ കടന്നുകയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസും ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനില്‍ ചൈനീസ് തീരുമാനമാകും പാക്കിസ്ഥാന്‍ നടപ്പാക്കുകയെന്ന സൂചനയുമുണ്ട്.
Post Your Comments