കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി 17 പേര്‍ക്ക് സമ്പര്‍ക്കം. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12-വയസുകാരന്‍.
വീട് സ്ഥിതി ചെയ്യുന്ന സ്ഥലമടക്കം നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്‍, മുന്നൂര്, ചിറ്റാരിപ്പിലാക്കില്‍ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പഞ്ചായത്ത് മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്.
പ്രദേശത്തുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടിക്ക് രോഗബാധ എവിടെ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛര്‍ദിയുമായി ഈ മാസം ഒന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ മരിച്ചു. ജില്ലയില്‍ നിപ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡും ആവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments