ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്കില്‍ സ്വീകാര്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകളില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ടു സര്‍വകലാശാലകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയും ചേര്‍ന്നാണ് പഠനം നടത്തിയത്. 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500 ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
വ്യാജ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്റുകളും ലഭിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നവംബറില്‍ നടക്കുന്ന ഇന്റര്‍നെറ്റ് മെഷര്‍മെന്റ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
അതേസമയം ഈ പഠനം പോസ്റ്റുകളുടെ ഇടപെടല്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും ‘റീച്ച്’ അല്ലെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. ഫേസ്ബുക്കിലെ ഒരു പോസ്റ്റ് എത്രപേര്‍ കാണുന്നുണ്ട് എന്നതനുസരിച്ചാണ് റീച്ചുണ്ടാകുന്നത്. ഫേസ്ബുക്ക് ഉള്ളടക്കങ്ങളുടെ റീച്ച് വിവരങ്ങള്‍ ഗവേഷര്‍ക്ക് ലഭിക്കില്ല.
Post Your Comments