അഹമ്മദാബാദ്: മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് മരണപ്പെട്ട മുകേഷ് ജോഷി എന്ന യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് അധികൃതര്‍ അയച്ചത്. ഗുജറാത്തിലെ പാലന്‍പൂര്‍ നഗരത്തിലാണ് സംഭവം. മുകേഷ് ജോഷിയുടെ മരണശേഷം കുടുംബാംഗങ്ങളാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്.
അതേസമയം, സാങ്കേതിക പിഴവാണെന്നാണ് ഇക്കാര്യത്തിൽ അധികൃതർ നൽകിയ വിശദീകരണം. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ, നമ്പര്‍ തെറ്റായി നൽകുകയായിരുന്നു എന്നും അതിനാൽ വാക്സിൻ സ്വീകരിച്ചയാളുടെ നമ്പറിലേക്ക് സര്‍ട്ടിഫിക്കറ്റ് അയക്കുന്നതിന് പകരം മുകേഷ് ജോഷിയുടെ നമ്പറിലേക്ക് അയക്കുകയായിരുന്നു എന്നും ബാണാസ്‌കന്ദ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോ ജിഗ്നേഷ് ഹര്‍യാനി വ്യക്തമാക്കി.
വഴിയരികിൽ പച്ചക്കറി വിറ്റ് ഒരു ഐഎഎസ് ഓഫീസര്‍: വൈറലായി ചിത്രം
‘മരണപ്പെട്ട മുകേഷ് ജോഷി ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്തിരുന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ജോഷിയുടെ പേര് നീക്കം ചെയ്യാന്‍ വിട്ടുപോയി. രണ്ടാമത്തെ ഡോസ് വാക്സിൻ കൊടുക്കേണ്ട സമയമായപ്പോള്‍ ജോഷിയുടെ പേര് ഉയര്‍ന്നുവരികയും തുടര്‍ന്ന് ജോഷി മരിച്ചത് അറിയാതെ ഫോണ്‍ നമ്പര്‍ സിസ്റ്റത്തിൽ ചേർക്കുകയും ചെയ്യുകയായിരുന്നു’. ജിഗ്നേഷ് ഹര്‍യാനി വ്യക്തമാക്കി. തെറ്റുവരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
Post Your Comments