ഇസ്ലാമബാദ്: ഉദ്ഘാടന ചടങ്ങുകളില്‍ കത്രിക ഉപയോഗിച്ച് നാട മുറിക്കുന്നതിന് പകരം റിബ്ബണ്‍ പല്ലുപയോഗിച്ച് മുറിക്കുന്ന പാക് മന്ത്രി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പാകിസ്ഥാനിലെ ജയില്‍ മന്ത്രിയും പഞ്ചാബ് സര്‍ക്കാരിന്‍റെ വക്താവുമായ ഫയാസ് ഉള്‍ ഹസന്‍ ചൌഹാനാണ് പല്ലുപയോഗിച്ച് റിബ്ബണുകള്‍ മുറിക്കുന്നത്. വ്യാഴാഴ്ച റാവല്‍പിണ്ടിയില്‍ ഒരു ഇലക്ട്രോണിക്സ് കടയുടെ ഉദ്ഘാടനത്തിനായിരുന്നു മന്ത്രിയുടെ വേറിട്ട രീതിയിലെ നാട മുറിക്കല്‍ ചടങ്ങ്.
തുടക്കത്തില്‍ കത്രിക ഉപയോഗിച്ച് റിബ്ബണ്‍ മുറിക്കാന്‍ ശ്രമിക്കുകയും പിന്നീട് പല്ലുപയോഗിച്ച് നാട മുറിക്കുകയും ചെയ്യുന്ന ഫയാസ് ഉള്‍ ഹസന്‍ ചൌഹാന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 21 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രി തന്നെയാണ് സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചത്. കത്രിക മോശമായതും മൂര്‍ച്ചയില്ലാത്തതുമായതാണ് ഇത്തരമൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഷോപ്പ് ഉടമ കടയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷിച്ചെന്ന കുറിപ്പോടെയാണ് മന്ത്രി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോയെക്കുറിച്ച് പറയുന്നത്. എന്നാല്‍ രൂക്ഷമായ പരിഹാസമാണ് മന്ത്രി സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്.
Post Your Comments