ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. അടൽ ബിഹാരി വാജ്‌പേയ് ട്രാൻസ്ഹാർബർ ലിങ്ക് എന്നാണ് ഈ പാലം ഔദ്യോഗികമായി അറിയപ്പെടുക
ഇന്ന് മഹാരാഷ്ട്ര സന്ദർശിക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.15ന് നാഷിക്കിൽ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയിൽ അടൽ ബിഹാരി വാജ്പേയി സെവാരി – നവ ഷേവ അടൽസേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികൾ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.
2018 ൽ നിർമാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാനാവുമെന്നായിരുന്നു വിലയിരുത്തൽ എന്നാൽ കോവിഡ് അടച്ചുപൂട്ടലുകളെ തുടർന്നാണ് നിർമാണം വൈകിയത്. മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലയി കടൽപ്പാലങ്ങളിൽ 12 ാം സ്ഥാനമാണ് അടൽ സേതു കടൽപ്പാലത്തിന്റേത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളിൽ ആലോചന തുടങ്ങിയ പദ്ധതി, 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്.
മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. പ്രതിവർഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. നേരത്തെ ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു.
മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്.മുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിക്കുന്ന എംടിഎച്ച്എൽ റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ എത്തിച്ചേരും. ശിവാജി നഗർ, ജാസി, ചിർലെ എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകൾ ഉണ്ടായിരിക്കും.
Post Your Comments