KeralaLatest NewsNews

‘ഇനി സാറും മാഡവും വിളി വേണ്ട, ചേട്ടാ, ചേച്ചി എന്ന് വിളിച്ചാൽ മതി’: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളോട് കെ സുധാകരൻ

ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ ആയ ഇത്തരം അഭിസംബോധന രീതികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സാറും മാഡവും വിളി വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പൂര്‍ണ അര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ – മാഡം തുടങ്ങിയ അഭിസംബോധനകള്‍ നിരോധിച്ച രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ആകുകയാണ് പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന സാധാരണക്കാര്‍, അവിടുത്തെ ജീവനക്കാരെ ഇനിമുതല്‍ പേരോ, മുതിര്‍ന്നവരെ ചേട്ടാ, ചേച്ചി എന്നോ വിളിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണ്. ആ തത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഈ തീരുമാനം കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നു.

Read Also: ഒപ്പം ഫോട്ടോയെടുത്തതില്‍ തെറ്റില്ല: എന്‍.ടി.സാജനെതിരായ റിപ്പോര്‍ട്ട് തിരിച്ചയച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി

ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ ആയ ഇത്തരം അഭിസംബോധന രീതികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്. ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പ്രവിത മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.ആര്‍ പ്രസാദ്, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്ബര്‍മാര്‍ തുടങ്ങിയവര്‍ക്കും ഇതിനായി നിരന്തരം ക്യാമ്പയിന്‍ നടത്തുന്ന പ്രിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്തക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.

സാധാരണക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന പരാതികളിലും, കത്തുകളിലും ‘അപേക്ഷിക്കുന്നു,’ ‘അഭ്യര്‍ത്ഥിക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പകരം ‘അവകാശമുന്നയിക്കുന്നു’, ‘താല്‍പര്യപ്പെടുന്നു’, തുടങ്ങിയ പ്രയോഗങ്ങള്‍ നടപ്പില്‍ വരുത്താനും പഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിക്കും.

ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുന്ന ഇക്കാലത്ത്, പോലീസ് അനുദിനം സാധാരണ പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന കാലത്ത്, രാജ്യത്തിനാകെ മാതൃകയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ പുതിയ ചുവട് വെപ്പ്. കാലോചിതമായ ഇടപെടലുകളിലൂടെ സൂക്ഷ്മതലം തൊട്ട് മുകളിലേക്ക് ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്തിലൂടെ തുടക്കമാകുകയാണ്.

ആദ്യഘട്ടത്തില്‍ ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന എല്ലാ പഞ്ചായത്തുകളില്‍ ഈ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തും. ശേഷം സംസ്ഥാനത്ത് ആകെമാനം ഈ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സമ്മര്‍ദ്ദം ചെലുത്തും. അതിന് നേതൃത്വം നല്‍കാന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. ഏകാധിപത്യസ്വഭാവമുള്ള സര്‍ക്കാറുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ആമത് ഭരണഘടനാഭേദഗതിയിലൂടെ കൊണ്ട് വന്നത് കോണ്‍ഗ്രസ്സാണ്. ആധുനികജനാധിപത്യ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ ഗ്രാമസ്വരാജിനെ വീണ്ടും പുനര്‍വിഭാവനം ചെയ്യാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുകയാണ്. അതിനായി നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ മുന്നില്‍ തന്നെ കോണ്‍ഗ്രസ്സുണ്ടാവും. കൂടെ നിങ്ങളുണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button