കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ പിടിയിലായതോടെ ജനങ്ങൾ രക്ഷപെടാനായി നെട്ടോട്ടമോടുകയാണ്. സ്ത്രീകളാണ് തീവ്രവാദികളുടെ പിടിയിലാകാതിരിക്കാൻ കൂടുതലും ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. എന്നാൽ ഇതുമുതലാക്കി മനുഷ്യക്കടത്ത് സംഘം സജീവമാകുന്നതായി അമേരിക്കൻ ഇന്റലിജൻസ്. ചെറിയ പെൺകുട്ടികളെ താലിബാനിൽ നിന്ന് രക്ഷപെടുത്താനെന്ന പേരിൽ വളരെ പ്രായം ചെന്ന പുരുഷന്മാർ വിവാഹം കഴിക്കുകയും അങ്ങനെ അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പെൺകുട്ടികളെ കടത്തുന്നതായുമാണ് റിപ്പോർട്ട്.
വളരെ പ്രായമുള്ള അഫ്ഗാൻ പുരുഷന്മാരുടെ ‘വധുക്കൾ’ എന്ന നിലയിൽ ചെറിയ അഫ്ഗാൻ പെൺകുട്ടികളെ യുഎസിലെ അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തൽഫലമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മറ്റ് ഏജൻസികളിൽ നിന്ന് ഈ വിഷയത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് തേടി. അസോസിയേറ്റഡ് പ്രസ് കണ്ട മറ്റൊരു സ്വകാര്യ രേഖ പ്രകാരം, അബുദാബിയിലെ ഒരു ട്രാൻസിറ്റ് സൈറ്റിലെ അഫ്ഗാൻ പെൺകുട്ടികൾ താലിബാനിൽ നിന്ന് രക്ഷപ്പെടാൻ പ്രായമായ പുരുഷന്മാരെ വിവാഹം കഴിക്കാൻ നിർബന്ധിതരായതായാണ് റിപ്പോർട്ട്.
ഇത്തരത്തിൽ രാജ്യം വിടുന്ന പെൺകുട്ടികളുടെ ‘ഭർത്താക്കന്മാരെ’ നിരീക്ഷിക്കാനും ഉത്തരവായിട്ടുണ്ട്. അതേസമയം സംഭവത്തിൽ ബൈഡനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ട്രംപിന്റെ മുൻ ഉപദേശകനായിരുന്ന സ്റ്റീവ് കോർട്ടസ് പറയുന്നത് ‘അഫ്ഗാനിലെ നടക്കാൻ വയ്യാത്ത വയസ്സന്മാരുടെ കാമദാഹം തീർക്കാൻ കുഞ്ഞു പെൺകുട്ടികളെ ബൈഡന്റെ സർക്കാർ കടത്തിക്കൊണ്ടു വരുന്നതിനു കൂട്ടുനിൽക്കുന്നു’ എന്നാണ്. ഇത് അക്ഷരാർത്ഥത്തിൽ മനുഷ്യക്കടത്താണെന്നും ഇവർ ആരോപിക്കുന്നു.
Post Your Comments