ന്യൂഡൽഹി: കോവിഡ് വ്യാപനം ആശങ്കയിലാകുമ്പോഴും സ്കൂൾ തുറന്ന് 6 സംസ്ഥാനങ്ങൾ. ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇന്നലെ സ്കൂളുകൾ വീണ്ടും തുറന്നത്. തമിഴ്നാട്ടിൽ 80 ശതമാനത്തിലേറെ കുട്ടികൾ ഹാജരായെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ പല സ്കൂളുകളിലും വളരെക്കുറച്ചു കുട്ടികൾ മാത്രമാണെത്തിയത്. വരും ദിവസങ്ങളിൽ നില മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.
ഡൽഹിയിൽ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും തൽക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ തയാറാകുന്നില്ലെന്നും കോവിഡ് വ്യാപനത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഇവർ പറയുന്നു. സർക്കാർ സ്കൂളുകളിലെ നില വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണു സ്വകാര്യ സ്കൂളുകളുടെ നിലപാട്. അതേസമയം, ഡൽഹിയിൽ സർക്കാർ സ്കൂളുകളും സംസ്ഥാന സർക്കാരിനു കീഴിലുള്ള സർവകലാശാലകളുമെല്ലാം ഇന്നലെ സാധാരണ നിലയിൽ തുറന്നു. മയൂർ വിഹാർ ഫേസ്–3യിലെ വിദ്യാബാൽ ഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ഒരു വിദ്യാർഥി പോലും ആദ്യ ദിവസമെത്തിയില്ല.
Read Also: ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നു: കെ രാധാകൃഷ്ണന്
തമിഴ്നാട്ടിൽ ഇന്നലെ ഉത്സവാന്തരീക്ഷത്തിലാണ് സ്കൂളുകൾ തുറന്നത്. അധ്യാപകർ പൂക്കളും മിഠായിയുും നോട്ടു ബുക്കുകളുമായി വിദ്യാർഥികളെ വരവേറ്റു. 9 – 12 വിദ്യാർഥികൾക്കാണു ക്ലാസ് തുടങ്ങിയത്. ശരീരോഷ്മാവ് പരിശോധിച്ചാണു സ്കൂളിലേക്കു പ്രവേശനം. മാസ്ക് നിർബന്ധം. വിദ്യാർഥികൾക്കു ക്യാംപസിൽ വാക്സീൻ നൽകുന്നതിനും തുടക്കമായി. സംസ്ഥാനത്തെ അങ്കണവാടികളിൽ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു. പുതുച്ചേരിയിലും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു വേണ്ടി സ്കൂൾ തുറന്നു.
Post Your Comments