തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ പങ്കെടുക്കും.
Read Also: മദ്യലഹരിയില്‍ സൈക്കിള്‍ എടുത്ത് എറിഞ്ഞു: 14കാരന്റെ കാല്‍വിരല്‍ അറ്റുതൂങ്ങി
കവി മുരുകൻ കാട്ടാക്കട രചിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന പ്രവേശനോത്സവ ഗാനത്തിന്റെ സി ഡി കുട്ടികൾക്ക് നൽകി മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. സ്‌കൂൾ പ്രവേശനത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിശദമാക്കി.
ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവത്ക്കരണം, കൗൺസിലിംഗ് എന്നിവയെല്ലാം പൂർത്തിയായി വരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും. എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ കൗൺസിലർമാർ 1012 പൊതുവിദ്യാലയങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടുതൽ പൊതുവിദ്യാലയങ്ങളിൽ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തും. ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലികൾ ചേരും. ലഹരിവിരുദ്ധ കർമ്മപരിപാടി എല്ലാ സ്‌കൂളുകളിലും ആരംഭിച്ചിട്ടുണ്ട്. ‘കാവലാൾ’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ഇതിനുപുറമേ ചില സ്‌കൂളുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
Post Your Comments