
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. യഥാര്‍ത്ഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാല മോഷണം പോയത് തന്നെയാണെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. അതേസമയം തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണമാലയിലെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകൾ കാണാതായ സംഭവത്തിലാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 81 മുത്തുകളുള്ള പഴയ മാലയ്‌ക്ക് പകരം 72 മുത്തുകളുടെ മാല വെയ്‌ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തില്‍ നിത്യം ചാര്‍ത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്. 23 ഗ്രാം സ്വര്‍ണ്ണം അടങ്ങിയ മാല കാണാതായി എന്നാണ് കേസ്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം ക്ഷേത്രത്തില്‍ നിന്നും പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണം. വിശദമായ കണക്കെടുപ്പ് നടത്തി ദുരൂഹതകള്‍ നീക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
Post Your Comments