ErnakulamKeralaLatest News

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു, ആത്മഹത്യാ കാരണം നൊമ്പരപ്പെടുത്തുന്നത്

ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായ അഞ്ജുവിന്റെ നില കൂടുതല്‍ വഷളായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി: അങ്കമാലി തുറവൂരില്‍ രണ്ട് മക്കള്‍ക്കൊപ്പം തീകൊളുത്തി യുവതിയും മരിച്ചു. അങ്കമാലി തുറവൂര്‍ പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടില്‍ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (32) മരിച്ചത്. മക്കളായ ആതിര (ചിന്നു – ഏഴ്), അരൂഷ് (കുഞ്ചു – മൂന്ന്) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഒരു മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം തികഞ്ഞ മനോവിഷമത്തിലായിരുന്നു അഞ്ജു ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്.

അനൂപിന്റെ വേര്‍പ്പാടിലുള്ള മനോവിഷമമാകാം കുട്ടികളോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മക്കളേയും കൂട്ടി വീട്ടിലെ കിടപ്പുമുറിയില്‍ പ്രവേശിച്ച ശേഷം മുറിക്കകത്ത് സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അഞ്ജു മൂവരുടെയും ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ജുവിന്റെ ഭര്‍തൃമാതാവ് അയല്‍പക്കത്തെ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു.

തിരികെ വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാതാവുകയും വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടാവുകയുമായിരുന്നു. കുട്ടികളുടെ ആര്‍ത്തിരമ്പിയുള്ള കരച്ചിലും മുറിയില്‍ തീ ആളിപ്പടരുന്നതും കണ്ട് ഇവരും നാട്ടുകാരും പാഞ്ഞെത്തി വാതില്‍ ചവിട്ടി പൊളിച്ച്‌ നോക്കിയപ്പോള്‍ തീ ആളികത്തുന്ന നിലയിലായിരുന്നു.വെള്ളമൊഴിച്ചും ചാക്ക് നനച്ചെറിഞ്ഞും രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവമറിഞ്ഞ അങ്കമാലി അഗ്നി രക്ഷസേന സ്ഥലത്ത് കുതിച്ചെത്തി മൂവരേയും സേനയുടെ ആംബുലന്‍സില്‍ കയറ്റി അങ്കമാലി എല്‍ എഫ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ട് കുട്ടികളും വഴിമധ്യേ മരിച്ചു. ശരീരമാസകലം പൊള്ളലേറ്റ് അവശനിലയിലായ അഞ്ജുവിന്റെ നില കൂടുതല്‍ വഷളായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button