തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്‌മയ മരണപ്പെട്ട കേസിൽ ഭർത്താവുംമുഖ്യപ്രതിയുമായ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പിരിച്ചുവിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ കിരൺ കുമാറിന്റെ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിലാണ് വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള മരണമാണെന്ന് വിസ്‌മയയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭർത്താവ് കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺ കുമാറിനെ(30) അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്‌തു.
ഓഗസ്‌റ്റ് ആറിനാണ് ഇയാളെ പിരിച്ചുവിട്ടതായി സർക്കാർ അറിയിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനുകൂല്യങ്ങളോ പെൻഷനോ കിരണിന് ലഭിക്കില്ല. ഇനി സർക്കാർ ജോലിയും ലഭിക്കില്ല. സ്‌ത്രീധനമായി നൽകിയ കാർ ഇഷ്‌ടമല്ലാത്തതിനാൽ വിസ്‌മയയെ നിരന്തരം ഇതിന്റെ പേരിൽ കിരൺ കുമാർ ഉപദ്രവിച്ചിരുന്നുവെന്നും, ഗാർഹിക പീഡനമാണ് വിസ്‌മയയുടെ മരണത്തിന് കാരണമെന്നുമാണ് യുവതിയുടെ മാതാപിതാക്കൾ അറിയിച്ചത്.
Post Your Comments