പറവൂർ: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. ഏഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്‌ന മന്‍സിലില്‍ ഷംല, മകന്‍ സാലു എന്നിവർക്ക് നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് തെക്കുംഭാഗം ബീച്ചില്‍വെച്ചായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി ബീച്ച് സൈഡില്‍ നിർത്തിയിട്ടിരുന്ന കാറിൽ ഉണ്ടായിരുന്ന ഇരുവർക്കും നേരെ ആക്രോശിച്ച് എത്തിയ ആള്‍ അസഭ്യം പറയുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.
ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. കാർ അടിച്ച് തകർത്തതോടെ കാര്യമറിയാൻ കാറിനു പുറത്തിറങ്ങിയ മകനെയും ഇയാള്‍ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഷംല പറയുന്നു. തടയാനെത്തിയ ഷംലയ്ക്കും മര്‍ദ്ദനമേറ്റു. തന്റെ അമ്മയാണെന്നും അമ്മയെ ഉപദ്രവിക്കരുതെന്നും യുവാവ് പറഞ്ഞപ്പോൾ അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.
‘വിശന്നിട്ടാണ് അവിടെ വെച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത്. എന്നിട്ട് ഭക്ഷണം കഴിക്കാന്‍ പോലുമായില്ല. ഭര്‍ത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കും,’ ഷംല പറഞ്ഞു.
തങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ കണ്ടുനിന്നവര്‍ പോലും ഇടപെട്ടില്ലെന്നും ഷംല പറയുന്നു. ആക്രമിച്ചയാളെ യാതൊരു മുൻപരിചയവുമില്ലെന്നാണ് ഷംല പറയുന്നത്. ഇരുവരും പരവൂര്‍ പൊലീസില്‍ എത്തി പരാതി നല്‍കി. പ്രതിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Post Your Comments