കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിലേക്കുളള പ്രവേശന കവാടമായ ഗുല്‍ബഹാര്‍ പ്രദേശത്ത് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുളള പ്രതിരോധ സേനയും താലിബാനും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ ഗുല്‍ബഹാര്‍ റോഡിനെ പഞ്ച്ഷീറുമായി ബന്ധിപ്പിക്കുന്ന ഒരു പാലം താലിബാന്‍ തകര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ നതിക് മാലിക്സാദ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി പഞ്ച്‌ഷീര്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടോളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്ബോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പഞ്ച്ഷീറിന് നേരെ തിങ്കളാഴ്ച രാത്രി താലിബാന്‍ ആക്രമണം നടത്തിയതായി താലിബാനെതിരായ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന അഹ്മദ് മസൂദിന്റെ വക്താവ് ഫഹീം ദാഷ്‌തി പറഞ്ഞു. പഞ്ച്‌ഷീര്‍ സേനയില്‍ ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കിടുന്നത് തടയാന്‍ താലിബാന്‍ ഞായറാഴ്ച പഞ്ച്ഷീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ പഞ്ച്ഷീര്‍ കീഴടക്കാന്‍ ഇതുവരെ താലിബാന് കഴിഞ്ഞിട്ടില്ല. താലിബാന് എതിരെ പോരാടുന്ന നിരവധിപേര്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. ഐതിഹാസിക അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദും അംറുല്ല സാലിഹും പഞ്ച്ഷിര്‍ താഴ്‌വരയിൽ ആണ് ഉള്ളത്. അമേരിക്ക തങ്ങളുടെ സെെന്യത്തെ പിന്‍വലിച്ചതോടെ അഫ്ഗാനിലെ സംഭവ വികാസങ്ങളെ ലോകം ജനത ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
പാഞ്ച്ഷീര്‍ താഴ്‌വരയില്‍ സമാധാനം സ്ഥാപിക്കാന്‍ താലിബാന്‍ ഭീകരരും വടക്കന്‍ സഖ്യസേനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് താലിബാന്‍ ഭീകരര്‍ താഴ്‌വര ആക്രമിക്കാന്‍ ഒരുങ്ങിയത്.
വന്‍ ആയുധശേഖരത്തോടെ താഴ്‌വരയുടെ നാല് വശത്ത് നിന്നും വളഞ്ഞ താലിബാന്‍ അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. എന്നാല്‍ വടക്കന്‍ സഖ്യസേന ഇതിനെതിരെ ശക്തമായി പ്രതിരോധിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാഞ്ച്ഷീറിനെ സംരക്ഷിക്കുമെന്ന് സ്ഥാനം നഷ്ടപ്പെട്ട പ്രസിഡന്റ് അമറുള്ള സലേ വ്യക്തമാക്കിയിരുന്നു.
Post Your Comments