മലപ്പുറം: ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ്
തിരൂരങ്ങാടി തെന്നല സ്വദേശിയായ 18 കാരന്‍ ശ്രീനാഥ്. ഇതോടെ പോക്സോ കേസില്‍ ജയില്‍ മുക്തനാകുകയും ചെയ്തു. പൊലീസിന്റെ കടുത്ത നീതി നിഷേധത്തെ കുറിച്ചാണ് ഇപ്പോള്‍ ഈ യുവാവിന് പറയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് കുടുംബം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദ്ദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിര്‍ബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു. താനും ആ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. ഞാന്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ അവള്‍ ഒന്‍പതിലാണ്. തെറ്റ് ചെയ്തെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും ശ്രീനാഥ് ഉറപ്പിച്ചു പറയുന്നു.
‘ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകള്‍ കയറി. അതും പതിനെട്ടാം വയസ്സില്‍. വിലങ്ങണിയിച്ചാണ് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേള്‍വിശേഷി കുറഞ്ഞു’- ശ്രീനാഥ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ സ്‌കൂളില്‍നിന്നു സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞുവന്നപ്പോള്‍ ശ്രീനാഥ് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നടപടിയെടുത്തത്.
പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍കഴിയേണ്ടി വന്ന തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ആരെയോ രക്ഷിക്കാനായി കരുതിക്കൂട്ടി ചെയ്തപോലെയാണ് കല്‍പ്പകഞ്ചേരി പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ശ്രീനാഥിന്റെ മാതാവ് ശ്രീമതി പറയുന്നു. തെളിവെടുപ്പിനിടെ ശ്രീനാഥിനെ പൊലീസുകാരന്‍ ചെകിടിന് അടിക്കുകയും തുടര്‍ന്ന് കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോയി വിശദമായി പരിശോധന നടത്തിയ ശേഷം തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ടുകളടക്കം പൊലീസിനെതിരെ പരാതി നല്‍കുമെന്നും ശ്രീമതി പറയുന്നു. നിരപരാധിയായ മകന് സംഭവിച്ചതു പോലെ മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു ഗതി വരരുതെന്നും ശ്രീമതി കണ്ണീരോടെ പറഞ്ഞു.
തന്നെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയത് 18 കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണെന്നായിരുന്നു 17 കാരിയായ പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് പോക്‌സോ കേസില്‍ അറസ്റ്റിലായ ശ്രീനാഥിന് ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെ ഉപാധികള്‍ ഒന്നുമില്ലാതെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Post Your Comments