കോഴിക്കോട്: മോഷണം പോയ വയര്‍ലെസ് സെറ്റില്‍നിന്ന് മദ്യപന്റെ തെറികേട്ട് അന്തംവിട്ട ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലെ പൊലീസുകാരുടെ ദുരവസ്ഥയായിരുന്നു രണ്ടാഴ്ചയായി കസബ സ്റ്റേഷനിലെ സേനാംഗങ്ങള്‍ക്ക്. വയര്‍ലെസ് മോഷണം പോയില്ലെങ്കിലും ഒരാള്‍ നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ച് തെറി പറയുന്നതും പൊല്ലാപ്പുകള്‍ സൃഷ്ടിക്കുന്നതുമാണ് വനിത പൊലീസുകാരെയടക്കം വലച്ചത്. ഏറെ പരിശ്രമത്തിനൊടുവില്‍ പൊലീസിനെ വട്ടംകറക്കിയ പൊക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദിനെ (സുഡാനി -29) പിടികൂടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
അസഭ്യങ്ങള്‍ പറഞ്ഞായിരുന്നു ഓരോ വിളിയുമെന്നതിനാല് വനിത പൊലീസുകാര്‍ക്ക് ഫോണെടുക്കാന്‍ കഴിയാതായി. നൂറിലധികം കോളുകളായിരുന്നു പല ദിവസവും വന്നത്. കോളര്‍ ഐ.ഡി ഇല്ലാത്തതിനാല്‍ വിളിക്കുന്നയാളുടെ നമ്പര്‍ വ്യക്തമായില്ല. പിന്നീട് സൈബര്‍ സെല്‍ നമ്പര്‍ കണ്ടെത്തിയെങ്കിലും 2ജി ഫോണായതിനാല്‍ ടവര്‍ ലൊക്കേഷനേ കിട്ടിയുള്ളൂ. ഇതരസംസ്ഥാന തൊഴിലാളിയുടെ പേരിലുള്ള ഫോണായതിനാല്‍ ആളെ കണ്ടെത്താനുമായില്ല.അവസാനം ശനിയാഴ്ച രാവിലെ പത്തരയോടെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തമുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിയെത്തി.
പൊലീസ് സ്റ്റാന്‍ഡില്‍ കുതിച്ചെത്തിയപ്പോഴാണ് ഫോണ്‍ സന്ദേശം വ്യാജമെന്ന് വ്യക്തമായത്. തിരിച്ചെത്തിയ പൊലീസ് തെറ്റായ വിവരം കൈമാറിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ അന്വേഷണം തുടങ്ങി. ഒടുവില്‍ സി.ഐ ഫോണില്‍ പ്രതിയെ വിളിച്ചപ്പോള്‍ ചേട്ടന് വേറെ പണിയില്ലേ, എന്നെ തപ്പി നടക്കാനെന്നായി മറുപടി. ആ സമയത്തിനുള്ളില്‍ സൈബര്‍സെല്‍ പ്രതിയുള്ള സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments