തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസില്‍ ഒരെണ്ണം വീതം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെയര്‍ത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്’- മന്ത്രി വ്യക്തമാക്കി.
‘ദേശീയ ശരാശരി 33ല്‍ ഒന്നാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിനെടുത്തു. 25.51 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവര്‍, കിടപ്പുരോഗികള്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പാക്കി.കോവിഡ് മരണം കൃത്യമായി ജില്ലാതലത്തില്‍ തന്നെ ഓരോ ദിവസവും പ്രഖ്യാപിക്കുന്നുണ്ട്. ഇതിന് പ്രത്യേക സൈറ്റും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ പലപ്പോഴും ആര്‍ടിപിസിആറും ചെയ്യാറുണ്ട്. ഒരു രോഗിയെപോലും കണ്ടെത്താതെ പോകരുതെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍’- മന്ത്രി പറഞ്ഞു.
‘ഐ.സി.എം.ആര്‍. നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു. ഇനിയും രോഗം വരാനുള്ളവര്‍ 50 ശതമാനത്തിലധികമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇനി പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കണം’- മന്ത്രി പറഞ്ഞു.
Post Your Comments