മംഗലപുരം: കോരാണി കാരിക്കുഴിയില്‍ ദേശീയപാതയില്‍ പൊലീസ് ജീപ്പ് കാറിലിടിച്ച് ലോ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം സ്വദേശി ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകക്ക് താമസിക്കുന്ന സജീദ്-രാജി ദമ്പതികളുടെ മകള്‍ അനൈന (22) ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. കാറില്‍ അനൈനയെ കൂടാതെ മൂന്നുപേരാണുണ്ടായിരുന്നത്. അനൈനയുടെ പിതാവ് സജാദ്, അമ്മ രാജി, സഹോദരന് അംജിദ്. അംജിദാണ് കാര്‍ ഓടിച്ചിരുന്നത്.
ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലിനോക്കുന്ന അംജിദിന്റെ പെണ്ണുകാണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു കുടുംബം. അപകടത്തില്‍ നാലുപേര്‍ക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ജീപ്പില്‍ രണ്ടുപേരാണുണ്ടായിരുന്നത്; അവരുടെ പരിക്കുകള്‍ ഗുരുതരമല്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണംവിട്ട് കൊല്ലം ഭാഗത്തേക്കുപോയ അനൈനയും കുടുംബവും യാത്ര ചെയ്തിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.
Read Also: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നീന്തൽ സെലക്ഷൻ: അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു
കാരിക്കുഴി ഭാഗത്ത് റോഡിന്റെ വശത്ത് ഇന്റര്‍ലോക്ക് പാകാനായി എടുത്ത കുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയാണ് പൊലീസ് ജീപ്പ് കാറിലിടിച്ചുകയറിയത്. പരിക്കേറ്റ പൊലീസ് ജീപ്പിലെ ഡ്രൈവര്‍ അഹമദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ ഷജീറിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.
Post Your Comments