ന്യൂഡൽഹി: തേജസ് എക്സ്പ്രസ് ശനി, ഞായർ ദിവസങ്ങളിലെ മൂന്ന് സർവീസുകൾ വൈകിയതിനെ തുടർന്ന് ഐആർസിടിസി യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരിക നാലര ലക്ഷം രൂപ. 2035 ഓളം യാത്രക്കാർക്ക് ഐആർസിടിസി നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നാണ് കണക്ക്. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ 250 രൂപയുമാണ് നഷ്ടപരിഹാരയിനത്തിൽ യാത്രക്കാരന് ലഭിക്കുക.
ട്രെയിൻ വൈകാൻ ഇടയായാൽ എല്ലാ യാത്രക്കാർക്കും നഷ്ടപരിഹാരത്തിനുള്ള അവസരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാണ് തേജസ്. രണ്ടര മണിക്കൂറാണ് ശനിയാഴ്ച തേജസിന്റെ യാത്ര വൈകിയത്. കനത്ത മഴയെ തുടർന്ന് സിഗ്‌നലിലുണ്ടായ സാങ്കേതികപ്രശ്നം കാരണമാണ് തേജസ് എക്സ്പ്രസ് ഡൽഹി സ്റ്റേഷനിൽ വൈകിയെത്തിയത്. ഞായറാഴ്ചയും ലഖ്നൗ-ഡൽഹി ട്രെയിൻ ഒരു മണിക്കൂറോളം വൈകിയിരുന്നു.
ശനിയാഴ്ച വൈകിയ രണ്ട് സർവീസുകൾക്കായി 1574 യാത്രക്കാർക്ക് 250 രൂപ വീതവും ഞായറാഴ്ച വൈകിയോടിയ തേജസിലെ 561 യാത്രക്കാർക്ക് 150 രൂപ വീതമാണ് ഐആർടിസി നഷ്ടപരിഹാരം നൽകേണ്ടത്.
Post Your Comments