എറണാകുളം: ആലുവയില്‍ സംഘടന വിതരണം ചെയ്ത ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി (55) ആണ് മരിച്ചത്. സാമൂഹ്യസംഘടന തെരുവില്‍ വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂര്‍ത്തിയെ ആക്രമിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്റിലാണ്.
കഴിഞ്ഞ 13ന് ആലുവ ബാങ്ക് കവലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി സാമൂഹ്യസംഘടന ഭക്ഷണവിതരണം നടത്തുന്നതിനിടയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി തട്ടിപ്പറിച്ചു. തുടര്‍ന്നുള്ള ദേഷ്യത്തില്‍ സമീപത്ത് കിടന്ന കല്ലെടുത്ത് വിനു മൂര്‍ത്തിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.
പരിക്കേറ്റ മൂര്‍ത്തിയെ പൊലീസെത്തി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്നതിനിടെയാണ് മൂര്‍ത്തി മരിച്ചത്. സംഭവം ദിവസം തന്നെ അറസ്റ്റ് ചെയ്ത വിനുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments