ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സൗമ്യ സ്വാമിനാഥന്റെ പ്രതികരണം. മഹാമാരി എന്ന അവസ്ഥയിൽ നിന്ന് കോവിഡ് പ്രാദേശികമായി ചുരുങ്ങുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്നും സൗമ്യാ സ്വാമിനാഥൻ പറഞ്ഞു.
വൈറസ് ഒരു രാജ്യത്ത് ആരംഭിച്ച് പല രാജ്യങ്ങളിലേക്ക് പടരുന്നതിനെയാണ് മഹാമാരി അഥവാ പാൻഡമിക് എന്നു പറയുന്നത്. വൈറസിനൊപ്പം ജനങ്ങൾ ജീവിക്കാൻ പഠിക്കുന്ന ഘട്ടമാണ് എൻഡമിക്. ഇത് ഒരു നിശ്ചിത പ്രദേശത്ത് ചുരുങ്ങുന്നു. വ്യാപനം കുറയുകയോ മിതമാവുകയോ ചെയ്യുന്നു. നേരത്തെ രാജ്യത്ത് ഉണ്ടായിരുന്നത് പോലെ കോവിഡ് അതിവ്യാപനമോ എന്നാൽ വ്യാപനമില്ലായ്മയോ നിലവിൽ ഇല്ലെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ഇതുവരെ കോവിഡ് ബാധിക്കാത്തവർ കൂടുതലായുള്ള, വാക്സിൻ സ്വീകരിക്കാത്ത വിഭാഗം കൂടുതലായുള്ള പ്രദേശത്താവും അടുത്ത ഘട്ടത്തിൽ കോവിഡ് തരംഗം ബാധിക്കുക. കോവിഡ് മൂന്നാം തരംഗം എങ്ങനെയാവുമെന്നും എപ്പോഴാവുമെന്നും പ്രവചിക്കാൻ ആർക്കും സാധിക്കില്ല. ഇപ്പോൾ പുറത്തുവരുന്നത് നിലവിലെ വ്യാപനതോത് അടിസ്ഥാനമാക്കിയുള്ള സാധ്യതകൾ മാത്രമാണ്. കോവിഡ് അടുത്ത തരംഗം കുട്ടികളെ ബാധിക്കുമെന്ന സാധ്യതയിൽ രക്ഷിതാക്കൾ ആശങ്കരാവേണ്ടതില്ലെന്നും സൗമ്യാ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
Read Also: ഞായറാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും: കർശന പരിശോധന നടത്താൻ നിർദ്ദേശം
Post Your Comments