ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ താക്കീതിന് പിന്നാലെ ഉപദേശകരെ വിളിച്ചു വരുത്തി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. വിവാദ വിഷയങ്ങളിൽ സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ദു നിയന്ത്രിക്കണമെന്നും വ്യക്തമാക്കി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ നടപടി.
ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു. കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ മാലി കഴിഞ്ഞ ദിവസം വിവാദ പരാമർശം നടത്തിയിരുന്നു. പിന്നാലെയാണ് അമരീന്ദർ പ്രതികരണവുമായി രംഗത്തെത്തിയത്.
മാലിക്ക് പുറമേ സിദ്ദുവിന്റെ മറ്റൊരു ഉപദേശകനായ പ്യാരേ ലാൽ ഗാർഗിനെയും അദ്ദേഹം വിമർശിച്ചു, ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദർ വ്യക്തമാക്കിയത്. മാലി പറഞ്ഞത് പാകിസ്താൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നും അമരീന്ദർ സിംഗ് ആരോപിച്ചു.
പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ പഞ്ചാബികൾക്കും ഇന്ത്യക്കാർക്കും അറിയാം. പാക് പിന്തുണയുള്ള സംഘടകൾ ദിവസവും നമ്മുടെ സൈനികരെ ആക്രമിക്കുന്നു. പഞ്ചാബിലേക്ക് മയക്കുമരുന്ന് കയറ്റിവിടുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള പ്രതിരോധം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Post Your Comments