കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങള്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐയുടെ 25 അംഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയാണ് സി.ബി.ഐ അന്വേഷിക്കുക. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആറ് ആഴ്ചകള്‍ക്കുള്ളില്‍ കോടതിക്ക് സമര്‍പ്പിക്കണം.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കാന്‍ ഇന്നലെയാണ് കോല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല് ഉത്തരവിട്ടത്. നിലവില്‍ ഇത്തരം കേസ് അന്വേഷിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറണം. അക്രമസംഭവങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആരോപണം കോടതി തള്ളി. മറ്റ് അക്രമസംഭവങ്ങള്‍ ഹൈകോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സുമന് ബല സാഹൂ, സൗമന്‍ മിത്ര, രണ്‍ബീര്‍ കുമാര്‍ എന്നീ ഐ.പി.എസ് ഓഫിസര്‍മാര്‍ ആയിരിക്കും ഈ സംഘത്തെ നയിക്കുക. സുപ്രീംകോടതി റിട്ട. ജഡ്ജി ഈ അന്വേഷണം നിരീക്ഷിക്കും. ഒക്ടോബര്‍ 24നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുക.
Post Your Comments