തിരുവനന്തപുരം: കോവിഡ് മൂലംമാതാപിതാക്കൾ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നൽകുന്നതിനായി സർക്കാർ 3,19,99,000 രൂപ അനുവദിച്ചതായി സംസ്ഥാന ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവും നൽകുന്നതിന് ആവശ്യമായ തുകയാണ് അനുവദിച്ചത്.
ഇതോടൊപ്പം ഈ കുട്ടികളുടെ ബിരുദം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളത്.
ഐസിഡിഎസ് ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി ആനുകൂല്യത്തിനര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് പ്രകാരം ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതോടൊപ്പം രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് സർക്കാർ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments