തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ച സംഭവം വിവാദത്തിൽ. ചിന്ത നിയമലംഘനം നടത്തിയാണ് ഡോക്ടറേറ്റ് നേടിയതെന്ന യൂനസ് ഖാൻ എന്ന യുവാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സർക്കാർ ശമ്പളവും ജെ ആർ എഫ് സ്കോളർഷിപ്പുമുൾപ്പെടെ മാസം രണ്ടുലക്ഷം രൂപ വരുമാനത്തോടെ പി എച്ച് ഡി പൂർത്തിയാക്കിയ അതിശയവ്യക്തിത്വമാണ് ചിന്തയെന്ന് യുവാവ് തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
പി എച്ച് ഡിയ്ക്ക് ജെ ആർ എഫ് ആനുകൂല്യം ലഭിച്ചിരുന്നു എന്ന ചിന്തയുടെ തന്നെ വെളിപ്പെടുത്തൽ അവർക്ക് വിനയാവുകയാണ്. സംസ്ഥാന യുവജന കമ്മീഷൻ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന ചിന്ത നിയമപ്രകാരം ജെ ആർ എഫ് സ്റ്റൈപ്പന്റിനു യോഗ്യയല്ലെന്നും സത്യവാങ്ങ്‌മൂലം ലംഘിക്കുകയാണ് ചിന്ത ചെയ്തതെന്നും കുറിപ്പിൽ ആരോപിക്കുന്നു.
‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്‌ത്രം’ വിഷയത്തിലായിരുന്നു ഗവേഷണം. പ്രോ വൈസ് ചാൻസലർ ഡോ. പി പി അജയകുമാറിന്റെ മേൽനോട്ടത്തിൽ യുജിസിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയാണ് ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്.
വൈറലാകുന്ന കുറിപ്പിൽ പറയുന്നതിങ്ങനെ:
അപ്പോ ഒരു പ്രശ്നങ്ങമുണ്ടല്ലോ മിസ്. ചിന്താ ജെറോം. പി എച്ച് ഡിയ്ക്ക് ജെ ആർ എഫ് ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കൾ പറയുന്നത്.
യു ജി സിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് അഥവാ ജെ ആർ എഫ് സ്റ്റൈപ്പന്റ് കൈപ്പറ്റുമ്പോൾ “വരുമാനമുള്ള മറ്റു ജോലികൾ ഒന്നും ചെയ്യുന്നില്ല” എന്നൊരു സത്യവാങ്ങ്‌മൂലം താങ്കൾ ഒപ്പിട്ടുനൽകിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മീഷൻ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കൾ നിയമപ്രകാരം ജെ ആർ എഫ് സ്റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്‌മൂലം ലംഘിച്ചിട്ടുണ്ട്. മറ്റൊന്ന് ഫുൾടൈം പി എച്ച് ഡി എടുക്കുന്ന ആൾ മറ്റ് ജോലികൾ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. താങ്കൾ ഫുൾടൈം പി എച്ച് ഡി എടുത്തു എന്നാണു വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്.
പാർട്ട് ടൈം പി എച്ച് ഡിയ്ക്ക് ജെ ആർ എഫ് ലഭിയ്ക്കുകയുമില്ല. രണ്ടായാലും താങ്കൾ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയിൽ നിന്ന് കഴിഞ്ഞ അഞ്ചുവർഷം കൈപ്പറ്റിയിരുന്നത്. ഒന്നുകിൽ താങ്കൾ ജോലികൾ ഒന്നും ചെയ്തിരുന്നില്ല/ ശമ്പളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കിൽ ഇപ്പോൾ ലഭിച്ച പി എച്ച് ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസർവ്വകാലാശാലയിൽ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കിൽ സർക്കാരിൽ നിന്ന് വരുമാനം കിട്ടിയപ്പോൾ പി എച്ച് ഡി പാർട്ട് ടൈം ആക്കിയെന്നും ജെ ആർ എഫ് നേടിയിരുന്നില്ല എന്നും തെളിയിയ്ക്കണം. ഇതൊന്നുമല്ലെങ്കിൽ താങ്കളെ സ്പെഷ്യൽ സ്റ്റുഡന്റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങൾ മുഴുവൻ ഇളവ് ചെയ്തു എന്ന് കരുതണം. പ്രോട്ടോക്കോൾ തെറ്റിച്ച് കോവിഡ് വാക്സിനെടുത്തതുപോലെ നിസ്സാരപ്രശ്നമല്ല മാഡാം. വിശദീകരിച്ചേ മതിയാവൂ!!
Post Your Comments