കാബൂൾ: അധികാരം പിടിച്ചെടുത്ത ശേഷം അഫ്‌ഗാനിൽ പലയിടങ്ങളിലായി ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് താലിബാൻ. രക്ഷപെടാൻ ശ്രമിച്ച ഒരു അഫ്ഗാൻ പൗരനെ വെടിവെച്ച് കൊലപ്പെടുത്തി. വീടുകളിൽ നിന്നും ചെറിയ കുട്ടികളെ ലൈംഗിക അടിമകളാക്കാൻ പിടിച്ചുകൊണ്ടുപോകുന്ന കാഴ്ചയും പുറത്തുവന്നിരുന്നു. താലിബാന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നാണ് അവർ ആവർത്തിക്കുന്ന അവകാശവാദം. എന്നാൽ താലിബാന്റെ നിലപാടുകളും അവർ നടപ്പാക്കുന്ന സ്ത്രീവിരുദ്ധ നടപടികളിലൂടെ തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്.
അഫ്ഗാന്‍ തെരുവുകളില്‍ നിറയെ തോക്കേന്തിയ താലിബാന്‍കാരാണ്. താലിബാന്‍ പിടിച്ചെടുത്ത കാബൂള്‍ നഗരത്തിലൂടെ സമാധാനത്തോടെ ആർക്കും സഞ്ചരിക്കാൻ കഴിയില്ല. തോക്കുധാരികളിൽ നിന്നും സ്ത്രീകളെ അടിച്ചമർത്തുന്നവരിൽ നിന്നും പെണ്മക്കളെ പൊതിഞ്ഞുപിടിച്ച് രാജ്യം വിടാനൊരുങ്ങുന്ന മാതാപിതാക്കൾ ഏറെയാണ്. അഫ്‌ഗാനിൽ കൂട്ടപാലായനം ആണ് തുടരുന്നത്. താലിബാൻ തോക്കുകാണിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
കാബൂളിലെ പ്രശസ്തമായ പല പ്രതിമകളും താലിബാൻ തകർത്തു. കലാപകാരികളുടെ അധികാരത്തിലേക്കുള്ള ഓരോ പ്രവർത്തനവും ജനങ്ങളെ ഭയപ്പെടുത്തുന്നു. തങ്ങൾ ഒരുപാട് മാറിയെന്നും അവസാനമായി അഫ്ഗാനിസ്ഥാൻ ഭരിച്ചപ്പോൾ ചെയ്ത അതേ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് ഇനി ഏർപ്പെടുത്തുകയില്ലെന്നും താലിബാൻ ആവർത്തിക്കുന്നു. തങ്ങളെ എതിർത്തവരോട് പ്രതികാരം ചെയ്യില്ലെന്നും അവർ വാഗ്ദാനം ചെയ്തു.
എന്നാൽ പല അഫ്ഗാനികളും കടുത്ത സംശയാലുക്കളാണ്. താലിബാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ആയിരക്കണക്കിന് പേർ രാജ്യം വിടാൻ വിമാനത്താവളത്തിലേക്കും അതിർത്തിയിലേക്കും ഓടുന്നു. നിരവധി ആളുകളാണ് വീടുകളിൽ ഒളിച്ചിരിക്കുന്നത്. ബുധനാഴ്ച, നീണ്ട തോക്കുകളുമായി പോരാളികളുടെ സംഘങ്ങൾ തലസ്ഥാനമായ കാബൂളിൽ പട്രോളിംഗ് നടത്തി.
Post Your Comments