കാബൂള്‍: അഫ്ഗാനിസ്താനില്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍. ഓഫീസുകള്‍ക്ക് മുകളില്‍ അഫ്ഗാനിസ്താന്റെ ദേശീയ പതാക പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ജലാലാബാദിലാണ് സംഭവം.
അഫ്ഗാനിസ്താന്റെ പതാകയുമേന്തി നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി ജലാലാബാദിലെത്തിയത്. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ പജ്‌ഹ്വോക് അഫ്ഗാന്‍ ന്യൂസാണ് താലിബാന്‍ വെടിവെപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ താലിബാന്‍ ഭീകരര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വെടിയൊച്ച കേട്ടതോടെ ജലാലാബാദില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ചിതറി ഓടുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. നേരത്തെ, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ജോലി ചെയ്യാനുള്ള അവകാശം, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവ ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം അരങ്ങേറിയത്.
Post Your Comments