Latest NewsNewsInternational

താലിബാന്‍ പോലും ഭയപ്പെട്ടിരുന്ന കൊടും ഭീകരന്‍: മുല്ല ദാദുള്ളയുടെ ഓര്‍മ്മകളില്‍ വിറച്ച് അഫ്ഗാന്‍ ജനത

കാബൂള്‍: രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം താലിബാന്‍ വീണ്ടും ഭരണം പിടിക്കുമ്പോള്‍ പഴയ കാലത്തെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളാണ് അഫ്ഗാന്‍ ജനതയെ വേട്ടയാടുന്നത്. മുല്ല ദാദുള്ള, മുല്ല ഒമര്‍ എന്നീ പേരുകള്‍ ഇന്നും ജനങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്. താലിബാന്‍ പോലും ഭയപ്പെട്ടിരുന്ന കൊടും ഭീകരന്‍ എന്നായിരുന്നു മുല്ല ദാദുള്ള അറിയപ്പെട്ടിരുന്നത്.

Also Read: എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ നൂറ് കണക്കിന് ആളുകൾക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍

1990കളിലാണ് അഫ്ഗാനിസ്താനില്‍ താലിബാന്‍ ശക്തിയാര്‍ജ്ജിച്ചത്. അന്ന് മുല്ല ദാദുള്ളയാണ് താലിബാന്റെ നട്ടെല്ലായി കണക്കാക്കപ്പെട്ടിരുന്നത്. സംഘടനയില്‍ തുല്യമായ അധികാരം എന്ന ലക്ഷ്യത്തോടെ താലിബാന്‍ തലവന്‍ മുല്ല ഒമറുമായി മുല്ല ദാദുള്ള മത്സരിച്ചിരുന്നു. 1980കളില്‍ മുല്ല ഒമറും മുല്ല ദാദുള്ളയും സോവിയറ്റ് സൈന്യത്തിനെതിരെ മുജാഹിദുകളായി പോരാടിയിരുന്നു. പോരാട്ടത്തില്‍ മുല്ല ഒമറിന് ഒരു കണ്ണ് നഷ്ടപ്പെട്ടപ്പോള്‍ മുല്ല ദാദുള്ളയ്ക്ക് ഒരു കാലാണ് നഷ്ടമായത്.

തന്റെയോ താലിബാന്റെയോ വാക്കുകള്‍ക്ക് എതിര് നിന്ന ഗ്രാമങ്ങള്‍ മുഴുവന്‍ മുല്ല ദാദുള്ള ചുട്ടെരിച്ചതായും കൂട്ടക്കൊലകള്‍ക്ക് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. ശത്രുക്കളുടെയോ അവിശ്വാസികളുടെയോ ബന്ദികളുടെയോ തല വെട്ടുകയെന്ന ക്രൂരമായ നടപടികള്‍ക്ക് തുടക്കമിട്ടതും മുല്ല ദാദുള്ളയാണ്. ഇയാള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാറില്ലായിരുന്നു എന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ മുല്ല ഒമറിനെപ്പോലും അസ്വസ്ഥനാക്കിയിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

മുല്ല ദാദുള്ളയെന്ന കൊടും ഭീകരന്റെ ക്രൂരതകള്‍ക്ക് സമാനമായവ ഈ അടുത്ത കാലത്തും താലിബാന്റെ സ്വാധീന മേഖലകളില്‍ സംഭവിച്ചിരുന്നു. 2020 ഒക്ടോബറില്‍ ഗസ്‌നി പ്രവിശ്യയില്‍ പോലീസില്‍ ജോലി ലഭിച്ചെന്ന കാരണത്തിന് ഖതേര എന്ന യുവതിയെ താലിബാന്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് നവംബറില്‍ ഇവര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. വെടിവെച്ച് വീഴ്ത്തിയ ശേഷം താലിബാന്‍ ഭീകരര്‍ കത്തി ഉപയോഗിച്ച് ഖതേരയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു.

2021 മെയ് മാസത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അച്ഛനെയും സഹോദരനെയും താലിബാന്‍ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന അനുഭവമാണ് കാണ്ഡഹാര്‍ സ്വദേശിയായ കമാലുദ്ദീന്‍ എന്നയാള്‍ക്ക് പറയാനുള്ളത്. അധികാരത്തിലേയ്ക്കുള്ള താലിബാന്റെ മടങ്ങിവരവിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ബുര്‍ഖകളുടെ വില്‍പ്പന വര്‍ധിച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. നയങ്ങളില്‍ മാറ്റം വരുത്തിയെന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴും ഭൂതകാലത്തെ ഓര്‍മ്മകള്‍ അഫ്ഗാന്‍ ജനതയെ വേട്ടയാടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button